കൊച്ചി: മരടിൽ അനധികൃതമായി ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയ കമ്പനികളുടെ ഉടമകൾ ഒളിവിൽ. ആദ്യ അറസ്റ്റിന് പിന്നാലെയാണ് മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ഒളിവിൽ പോയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമം. അതേസമയം ഇന്നലെ അറസ്റ്റിലായ മൂന്നുപേരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഹോളിഫെയ്ത്ത് നിർമ്മാണക്കമ്പനി എംഡി സാനി ഫ്രാൻസിസിനെ കൊച്ചിയിലെ ഓഫീസിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തത്. മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരെയും ഇതോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് ഹാജരാക്കും.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയതിനു ശേഷമാണ് അന്വേഷണസംഘം പെട്ടെന്ന് അറസ്റ്റിലേക്ക് നീങ്ങിയത്. ഇതോടെ മറ്റ് ഫ്‌ളാറ്റ് നിർമ്മാതാക്കളും അറസ്റ്റ് ഭീതിയിലാണ്. ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പോൾ രാജ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിയാലും അറസ്റ്റിന് സാധ്യതയുണ്ട്. ചോദ്യം ചെയ്യലുമായി കമ്പനി ഉടമകൾ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവിതന്നെ പരസ്യമായി പറഞ്ഞതോടെ കമ്പനി ഉടമകൾ പ്രതിസന്ധിയിലാണ്.