കൊല്ലം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ പുനലൂര്‍, ചെമ്മന്തുര്‍ പ്രദേശം വെള്ളത്തില്‍ മുങ്ങി. നൂറോളം വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ രണ്ടുമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തില്‍ നാടെങ്ങും പരിഭ്രാന്തരായി. എട്ടുമണിക്കൂറിനു ശേഷമാണ് ഇവിടെ വെള്ളമിറങ്ങിയത്.
ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും പുനലൂരിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് 1.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ചെമ്മന്തൂര്‍ സി എസ് ബഷീര്‍ ജനറല്‍ മര്‍ച്ചന്റസിന്റെ ഗോഡൗണ്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ മാത്രം 30 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. നിരവധി വീടുകളും മതിലുകളും തകര്‍ന്നു. ഒരു കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം.
അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നഗരത്തിലെ ഗതാഗതം നിശ്ചലമായി. ഗതാഗതം തിരിച്ചുവിട്ട പാതകളില്‍ ഗതാഗത സ്തംഭനവും ഉണ്ടായി. ഇരു ചക്രവാഹനങ്ങളില്‍ എത്തിയ നിരവധിപേര്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. പ്രധാന റോഡുകളുടെ വശത്തെയും തോടുകളുടെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ പുനലൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.