തിരുവനന്തപുരം: യുഡിഎഫിന് വേണ്ടി വോട്ട് തേടി എൻഎസ്എസ്. സമദൂരമല്ല ശരി ദൂരമാണ് എൻഎസ്എസിന്റെ നിലപാട് എന്ന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ട് തേടി എൻഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയത്.
തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രചാരണം. പൊതുയോഗം വിളിക്കാൻ കരയോഗങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. യുഡിഎഫിന് വോട്ട് ചെയ്യാൻ സമുദായ അംഗങ്ങളോട് ആഹ്വനം ചെയ്യുന്നതിനാണ് പൊതുയോഗം വിളിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് ശരിദൂരത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ സന്ദേശം സമുദായ അംഗങ്ങളിലേക്ക് എത്തിക്കുന്നത് തങ്ങളുടെ ദൗത്യമാണെന്നും സംഗീത് കുമാർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
എൻഎസ്എസ് വളരെ ആലോചിച്ചേ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ളൂ. അതിനാൽ തന്നെ സമുദായ അംഗങ്ങൾ ഈ നിർദേശങ്ങൾക്ക് എതിര് നിൽക്കാറില്ല. നായർ സമുദായത്തിന് ഈശ്വര വിശ്വാസം വൈകാരികമായ വിഷയമാണ്. നിലവിൽ താലൂക്ക് യൂണിയനിലെ 38 കരയോഗങ്ങളും വനിതാ സമാജങ്ങളുമാണ് യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുക. ആവശ്യം വന്നാൽ മറ്റ് യൂണിയനുകളിൽ നിന്ന് ആളുകൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post