കോഴിക്കോട്: ഇസ്ലാമിനെയും ഹിന്ദു മതത്തേയും പ്രധാനമന്ത്രിയേയും അപമാനിച്ചുവെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസിന് എതിരെ പ്രതിഷേധവുമായി എംഎസ്എഫും എബിവിപിയും രംഗത്ത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വ്യക്തമാക്കി.
പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ബുദ്ധക്കണ്ണ് എന്ന കവിത ശബരിമലയെ അപമാനിച്ചുവെന്നും മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായും പരാമര്‍ശങ്ങളുണ്ടെന്നുമാണ് എബിവിപി ആരോപിക്കുന്നത്. മാഗസിനിലുള്ളത് രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നും എബിവിപി ആരോപിച്ചു. മാഗസിനിലെ മൂടുപടം എന്ന കവിത ഇസ്ലാം മതത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് എംഎസ്എഫും രംഗത്തെത്തി.പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് മൂടുപടമെന്ന കവിതയെന്നാണ് എംഎസ്എഫ് ആരോപിച്ചത്.
പ്രധാന മന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാഗസിനെതിരെ പരാതിയുമായി ബിഎംഎസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍വ്വകലാശാല ഉദ്യോഗസ്ഥരുടെ സംഘടന യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സമീപിച്ചു. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചുവെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ സംഭവത്തില്‍ വിശദമായി അന്വേഷിക്കുമെന്നും അറിയിച്ചു.
Discussion about this post