തിരുവനന്തപുരം: കര്‍ണാടക സംഗീത ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാദത്തിന്റെയും സവിശേഷ ആലാപന ശൈലിയുടെയും ഉടമയായ എംഡി രാമനാഥന് സ്മാരകം. അദ്ദേഹത്തിന് ജന്മദേശത്ത് ഉചിതമായ സ്മാരകമില്ല എന്ന കുറവാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹരിച്ചിരിക്കുന്നതെന്ന് മന്ത്രി എകെ ബാലന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഏറ്റവും അറിയപ്പെടുന്ന സംഗീതജ്ഞരില്‍ ഒരാളു കൂടിയാണ്.
പണികഴിപ്പിച്ച എംഡി രാമനാഥന് സ്മാരകം ഉദ്ഘാടനം 21 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഒരു കോടി രൂപ ചെലവിലാണ് പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ സ്മാരകം നിര്‍മ്മിച്ചത്. വൈകീട്ട് നാലു മണിക്കാണ് ഉദ്ഘാടനം. സാംസ്കാരിക മന്ത്രിയെന്ന നിലയില്‍ അക്കാര്യത്തില്‍ മുന്കയ്യെടുക്കാന് കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എംഡി രാമനാഥന് സ്മാരകം ഉദ്ഘാടനം 21 ന് കണ്ണമ്പ്രയില്‍
കര്‍ണാടക സംഗീത ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാദത്തിന്റെയും സവിശേഷ ആലാപന ശൈലിയുടെയും ഉടമയാണ് എം.ഡി.ആര് എന്നറിയപ്പെടുന്ന ശ്രീ. എം ഡി രാമനാഥന്. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഏറ്റവും അറിയപ്പെടുന്ന സംഗീതജ്ഞരില്‍ ഒരാളായ എം.ഡി.ആറിന് അദ്ദേഹത്തിന്റെ ജന്മദേശത്ത് ഉചിതമായ സ്മാരകമില്ല എന്ന കുറവ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിഹരിച്ചു.
ഒരു കോടി രൂപ ചെലവില്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ എം ഡി ആര് സ്മാരക സാംസ്കാരികനിലയം ഒക്ടോബര്‍ 21 ന് വൈകിട്ട് നാലിന് കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നാടിന് സമര്‍പ്പിക്കുമ്പോള്‍ കേരളം വലിയൊരു കടമ പൂര്‍ത്തീകരിക്കുകയാണ്. സാംസ്കാരിക മന്ത്രിയെന്ന നിലയില്‍ അക്കാര്യത്തില്‍ മുന്കയ്യെടുക്കാന് കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്.
മഞ്ഞപ്ര ദേവേശ ഭാഗവതര്‍ രാമനാഥന് എന്ന എം.ഡി.ആര് മഞ്ഞപ്ര ഗ്രാമത്തില്‍ 1923 മെയ് 20 നാണ് ജനിച്ചത്. സംഗീതജ്ഞനായ അച്ഛനില്‍ നിന്നാണ് സംഗീതം പഠിച്ചുതുടങ്ങിയത്. വിക്ടോറിയ കോളേജില്‍ നിന്ന് ശാസ്ത്ര ബിരുദം നേടിയ ശേഷം മദിരാശിയില്‍ സംഗീതത്തില്‍ കൂടുതല്‍ പഠനം നടത്താനായി പോയി. രുഗ്മണീദേവി അരുണ്ഡേല് സ്ഥാപിച്ച കലാക്ഷേത്രയില്‍ സംഗീത കോഴ്സിന് ചേര്‍ന്നു. അധ്യാപകനായി ലഭിച്ചത് മഹാസംഗീതജ്ഞനായ ടൈഗര്‍ വരദാചാരിയെ. എം.ഡി.ആറിന്റെ സംഗീത പ്രതിഭയെ മിനുക്കിയെടുത്തത് ടൈഗര്‍ വരദാചാരിയാണ്. മദിരാശിയില്‍ തന്നെ സംഗീത സപര്യ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. കലാക്ഷേത്രയില്‍ സംഗീതാധ്യാപകനായി. ഒപ്പം മദിരാശിയിലെ സംഗീതജ്ഞരില്‍ വലിയ സ്വീകാര്യതയും നേടി.
മന്ദ്രസ്ഥായിയില്‍ ചൗക്ക കാലത്തില്‍ രാഗത്തെയും കൃതിയെയും അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും അവതരിപ്പിക്കുന്ന എം.ഡി.ആറിന്റെ രീതി ആസ്വാദകര്‍ക്ക് പുതിയ അനുഭവമായിരുന്നു. രാഗത്തിന്റെയും കൃതിയുടെയും സൗന്ദര്യത്തെ അടുത്തറിയാന്‍ ഇത് ആസ്വാദകരെ സഹായിച്ചു. സംഗീതത്തെ അവതരിപ്പിക്കുന്നതില്‍ പുതിയൊരു കാഴ്ചപ്പാടായിരുന്നു എം.ഡി.ആറിന്റേത്. സംഗീതലോകം അത് തിരിച്ചറിഞ്ഞു. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ സംഗീതകലാനിധി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത് അത് കൊണ്ടാണ്. രാഷ്ട്രം പദ്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും എം.ഡി.ആറിന് ലഭിച്ചു. ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ അംഗീകാരമാണ് ഏറ്റവും വലിയ അംഗീകാരമായി മാറിയത്. കര്‍ണാടക സംഗീതത്തിന് കേരളത്തിന്റെ അമൂല്യമായ സംഭാവനയായ എം ഡി ആറിനുള്ള സ്മാരകം നാടിന് സമര്‍പ്പിക്കുന്ന വേളയില്‍ എല്ലാവരും ആ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post