കൊല്ലം: ‘നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വെച്ചിരിക്കുന്നത്’ പടിക്കെട്ടുകള്‍ കയറാന്‍ വിഷമിക്കുന്ന വയോധികയോട് കൊല്ലം കളക്ടര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. കൊല്ലം കളക്ടറേറ്റിലാണ് ഈ നന്മ നിറഞ്ഞ കാഴ്ച കാണാനായത്. ആ നന്മ മനസ് വെളിപ്പെടുത്തിയത് സംഭവത്തിന് സാക്ഷിയായ ചാനല്‍ അവതാരകന് ഷൈന്‍കുമാര്‍ ആണ്. ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. കളക്ടറെ കാണാന്‍ എത്തിയ വയോധികയായ സ്ത്രീ പടിക്കെട്ടുകള്‍ കയറി കളക്ടറുടെ ഓഫീസിലേക്ക് നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കളക്ടര്‍ എത്തിയത്. പടി ഇറങ്ങിവന്ന ഒരാള്‍ നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതെന്ന് വയോധികയോട് പറയുകയും ശേഷം ലിഫ്റ്റിലേയ്ക്ക് കൂട്ടികൊണ്ടുപോവുകയുമായിരുന്നു.
ശേഷം ചോദിച്ചു എങ്ങോട്ടാണെന്ന്, മറുപടി നല്‍കിയത് കളക്ടറെ കാണാന്‍ പോകുന്നുവെന്നായിരുന്നു. എന്നിട്ട് കണ്ടോ എന്നായി കളക്ടറുടെ ചോദ്യം. ഇല്ല എന്ന അമ്മയുടെ മറുപടിയില്‍ പറഞ്ഞു, എങ്കില്‍ ഞാന്‍ ആണ് കളക്ടര്‍ എന്ന്. നല്ലവണ്ണം കണ്ടോ എന്ന് കൂടി പറഞ്ഞു. എന്നാല്‍ ഈ ചിത്രം പകര്‍ത്തിയപ്പോള്‍ തന്നെ കളക്ടര്‍ വിലക്കിയെന്നും ഷൈന്‍കുമാര്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വിലക്ക് മറികടന്നാണ് പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സങ്കടങ്ങള്‍ കാണാന്‍ കണ്ണുകളുണ്ടാവണം. ചേര്‍ത്തുപിടിക്കാന്‍ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റില്‍ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോള്‍ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോള്‍ കളക്ടര്‍ അബ്ദുള്‍ നാസറാണ്. മുകളിലേക്ക് കയറാന്‍ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ചു കളക്ടര്‍ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്..
എവിടെ പോകുന്നു.? അമ്മയോട് കളക്ടര്‍. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികള്‍ ഏറ്റുവാങ്ങി… പൊതിരെ വിമര്‍ശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകള് കാണാതിരുന്നുകൂടാ. കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോള് കളക്ടര്‍ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )
Discussion about this post