കോഴിക്കോട്: ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ. കൂടത്തായി കൊലക്കേസ് പ്രതി ജോളി വ്യാജരേഖ ചമച്ച് ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചുവെന്നു വ്യക്തമായതായി വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കളക്ടർ സി ബിജു പറഞ്ഞു.
2009-10 വർഷത്തിൽ ടോം തോമസിന്റെ ഭൂമി ജോളിയുടെയും ഭർത്താവ് റോയിയുടെയും പേരിലാക്കി നികുതി അടച്ചു. പോക്കുവരവ് നടത്തുകയും ചെയ്തു. എന്നാൽ ടോം തോമസിന്റെ മറ്റു മക്കൾ പരാതിയുമായെത്തിയപ്പോൾ അടുത്ത വർഷം റോയിയുടെ സഹോദരൻ റോജോയുടെയും മറ്റും പേരിൽ നികുതി അടയ്ക്കാൻ അനുവദിച്ചു. പിന്നീട് റോയിയുടെ മരണശേഷം 2012 – 13 വർഷത്തിൽ ജോളി നികുതി അടച്ചു. പരാതി വന്നപ്പോൾ പിന്നീടുള്ള വർഷങ്ങളിൽ റോജോയുടെ പേരിൽ നികുതി അടച്ചു.
നികുതി അടച്ചു ഭൂമി സ്വന്തം പേരിലാക്കാൻ ജോളി ഹാജരാക്കിയ വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിൽ തഹസിൽദാർ ജയശ്രീ എസ് വാരിയർ ജോളിയെ സഹായിച്ചുവെന്നാണു പ്രധാന ആരോപണം. ഇന്നലെ 4 മണിക്കൂറോളം ജയശ്രീയിൽ നിന്നു ഡെപ്യൂട്ടി കലക്ടർ സി ബിജു മൊഴിയെടുത്തു.