തിരുവനന്തപുരം: രാജ്യത്തിനും വ്യക്തിപരവുമായി ഉണ്ടായ നഷ്ടങ്ങൾ കണക്കാക്കാനാകില്ലെന്ന വിലയിരുത്തലിന് പിന്നാലെ ഐഎസ്ആർഒ ചാരക്കേസിൽ ഇരയാക്കപ്പെട്ട നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ. ഈ ശുപാർശയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് നമ്പി നാരായണൻ രംഗത്തെത്തി. ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടണം. നഷ്ടപരിഹാരതുക കുറ്റക്കാരിൽ നിന്ന് ഈടാക്കുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിൽ നിരപരാധി എന്ന് കണ്ടെത്തിയ നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ സർക്കാർ നേരത്തെ കൈമാറിയിരുന്നു. എന്നാൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ 20 വർഷം മുമ്പ് നൽകിയ കേസിലാണ് ഇപ്പോൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
മധ്യസ്ഥതതയ്ക്ക് സർക്കാർ ചുമതലപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ 1.30 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു ശുപാൾശ നൽകിയിരുന്നു. അർഹമായ നഷ്ടപരിഹാരം കിട്ടുന്നതിൽ ഇനിയെങ്കിലും കാലതാമസം ഒഴിവാക്കണമെന്നാണ് നമ്പി നാരായണൻ പറയുന്നത്. തിരുവനന്തപുരം സബ്‌കോടതിയുടെ പരിഗണനയിലുള്ള കേസിൽ തീർപ്പുണ്ടാകാൻ ഇനിയും സമയമെടുക്കും. ഇതോടെയാണ് സർക്കാർ ജയകുമാറിനെ നഷ്ടപരിഹാരത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്.
ചാരക്കേസ് മൂലം നമ്പി നാരായണനും രാജ്യത്തിനും വിലമതിക്കാനാകാത്ത നഷ്ടമുണ്ടായെന്ന് ജയകുമാർ റിപ്പോർട്ടിൽ പറയുന്നു. ഇത്രയും കാലം നീതി വൈകിയതും കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും റിപ്പോർട്ടിലുണ്ട്.