കോഴിക്കോട്: ഒടുവിൽ ഏറെ തിരഞ്ഞ ആ വസ്തു പൊന്നാമറ്റം വീട്ടിൽ നിന്നുതന്നെ കണ്ടെടുത്തു. സയനൈഡിന്റെ ബാക്കി വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ കുറ്റസമ്മതത്തിന് പിന്നാലെ പൊന്നാമറ്റം വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് സയനൈഡ് കണ്ടെത്തി. പൊന്നാമറ്റം വീട്ടിൽ അർധരാത്രിയിൽ ജോളിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു പരിശോധനയിൽ കണ്ടെത്തിയത്. ഇതു സയനൈഡാണെന്നു ഫോറൻസിക് വിദഗ്ധർ പറഞ്ഞു. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.
ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നൽകിയത്. ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. പോലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു വീട്ടിലെ പരിശോധന. നേരത്തെ സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പോലീസിനോട് പറഞ്ഞിരുന്നു.
ജോളിയുടെ ഭർത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പോലീസ് ഇന്നലെ 10 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 8.25ന്. ചോദ്യം ചെയ്യൽ കഴിഞ്ഞ് ഇരുവരും വടകരയിലെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പാണ് പ്രതി ജോളി ജോസഫുമായി തെളിവെടുപ്പിനു കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലേക്കു തിരിച്ചത്.
Discussion about this post