മലപ്പുറം: മലപ്പുറത്ത് ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറംഗ സംഘത്തെ പോലീസ് പിടികൂടി. നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളാണ് സംഘത്തിന്റെ കൈയില്‍ നിന്ന് കൊളത്തൂര്‍ പോലീസ് പിടിച്ചെടുത്തത്. ഇവ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചവയായിരുന്നു. പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഘം സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പെരിന്തല്‍മണ്ണ എഎസ്പി രേഷ്മ രമേശിന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആറംഗസംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സംഘം നോട്ടുമായി കുളത്തൂര്‍ ടൗണിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ എത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.
പാലക്കാട് ചെറുപ്പുളശ്ശേരി ഇടയാറ്റില്‍ മുഹമ്മദ് അഷ്റഫ്, വടകര വില്ല്യാപ്പള്ളി കുനിയില്‍ അഷ്റഫ്, കിഴക്കേപ്പനയുള്ളതില്‍ സുബൈര്‍, മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഇരുമ്പാലയില്‍ സിയാദ്, കുളത്തൂര്‍ പള്ളിയാല്‍കുളമ്പ് സ്വദേശി പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്, മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്, എന്നിവരെയാണ് പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.