കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട അഞ്ച് ഫ്ലാറ്റുടമകളില്‍ എല്ലാവര്ക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കുകയില്ല. മൂന്ന് ഫ്ലാറ്റ് ഉടമകള്‍ക്ക് മാത്രമാകും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കുക. മറ്റ് ഉടമകള്‍ക്ക് 13 ലക്ഷം മുതല്‍ ലഭിക്കും.
14 ഫ്ളാറ്റുടമകള്‍ക്കാണ് ഇടക്കാല ആശ്വാസത്തിന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഫ്ളാറ്റുടമയ്ക്കാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്കാന് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അര്‍ഹത നോക്കിയാകും ഓരോ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുക. ഭൂമിയുടെയും ഫ്ളാറ്റിന്റെയും വില കണക്കാക്കി ആനുപാതികമായി മാത്രമേ താല്‍ക്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുയുള്ളൂവെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി വ്യക്തമാക്കി.
അതേസമയം, നഷ്ടപരിഹാരം ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം വേണമെന്ന നിബന്ധന ഒഴിവാക്കി. ഉടമകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സത്യവാങ്മൂലം വേണമെന്ന നിബന്ധന ഒഴിവാക്കിയത്.
ആദ്യഘട്ടത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന 14 ഫ്ളാറ്റ് ഉടമകള്‍ക്കുമായി രണ്ട് കോടി അമ്പത്താറ് ലക്ഷത്തി ആറായിരത്തിതൊണ്ണൂറ്റിയാറ് രൂപ നഷ്ടപരിഹാരം നല്‍കണം. ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ നഷ്ടപരിഹാരം നല്‍കുക. ഗോള്‍ഡന്‍ കായലോരത്തിലെ നാല് പേര്‍ക്കും ആല്‍ഫാ സെറീനിലെ നാല് പേര്‍ക്കും ജെയ്ന്‍ കോറല്‍ കോവിലെ ആറ് പേര്‍ക്കും നഷ്ടപരിഹാരം ആദ്യഘട്ടത്തില്‍ നഷ്ടപരിഹാരം ലഭിക്കും.
അതേസമയം, ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്കി. ആല്‍ഫ വെഞ്ചേഴ്സ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ചയും, ഹോളി ഫെയ്ത് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യാഴാഴ്ചയും, ജെയിന് കോറല്‍കോവ് നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ചയും ഹാജരാകും.
Discussion about this post