ചെന്നൈ: റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവെ മടിയുള്ളവരാണ് ഇന്ത്യക്കാരെന്നാണ് സംസാരം. കേരളത്തിലായാലും തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കുതിച്ചുപായുന്ന വാഹനങ്ങൾ പതിവുകാഴ്ചയാണ്. സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണെന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകളും കാണിക്കുന്നത്.
ഈ സാഹചര്യത്തിലാണ് നിയമം കാറ്റിൽ പറത്തി തെറ്റായ ദിശയിലൂടെ പാഞ്ഞുവന്ന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസിനെ തടഞ്ഞ് ഒരു മലയാളി യുവാവ് മാസ് കാണിച്ചിരിക്കുന്നത്. എതിരെ വാഹനങ്ങൾ വരുന്നതിനിടെ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ തെറ്റായ ദിശയിലേക്ക് നീങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തടഞ്ഞാണ് മലയാളി യുവാവ് വൈറലായിരിക്കുന്നത്. തമിഴ്നാട്ടിലാണ് സംഭവം.
മറ്റൊരു ബസിനെ മറികടക്കാൻ എത്തിയ ബസാണ് മലയാളി യുവാവിന്റെ കാറിന് മുന്നിൽ പെട്ടത്. കേരളാ രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് ഇറങ്ങിയ യുവാവ് ബസ് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ചാണ് ട്രാൻസ്പോർട്ട് ബസിന് വഴിയൊരുക്കിയത്.
Discussion about this post