തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ പ്രഖ്യാപിച്ചതിനു പിന്നാലെ നേതാവിനെതിരെ വന്‍ തോതിലാണ് യുഡിഎഫ് ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. ഇപ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
വികെ പ്രശാന്തിന്റെ പ്രതിച്ഛായയില്‍ ആധി പൂണ്ടാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. കൂടാതെ വികെ പ്രശാന്തിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് വെപ്രാളമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മുഖ്യമന്ത്രി ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയത്. പ്രശാന്തിന്റെ ജനപ്രീതിയില്‍ യുഡിഎഫിന് ആശങ്കയാണെന്നും ഇവിടെ എന്ത് സംഭവിക്കുമെന്ന ആധിയാണ് പ്രതിപക്ഷത്തിലെ നേതാക്കളെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
മതമോ ജാതിയോ കക്ഷി രാഷ്ട്രീയത്തിനോ അപ്പുറം പ്രശംസ നേടിയ നേതാവാണ് വികെ പ്രശാന്ത് എന്നും അദ്ദേഹം എടുത്ത് പറഞ്ഞു. പാലയില്‍ എല്‍ഡിഎഫിന് നാല് ശതമാനം വോട്ട് വിഹിതം കൂടിയത് ജനങ്ങളുടെ സമീപനത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറയുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളം ഇന്ന് നമ്പര്‍ വണ്‍ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പൂര്‍ണ്ണമായി നടപ്പാക്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.