കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ പങ്ക് വിശ്വസിക്കാനാകാതെ സമീപവാസികള്‍. ഒരു സംശയത്തിനും ഇടനല്‍കാത്ത വിധത്തിലായിരുന്നു ജോളിയുടെ പെരുമാറ്റമെന്നും ജോളി ചേച്ചിയോട് തങ്ങള്‍ക്ക് എല്ലാം സഹതാപമായിരുന്നു എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
‘സത്യം പറഞ്ഞാല്‍ ജോളി ചേച്ചിയോട് സഹതാപമായിരുന്നു. തോമസ് സാറ് മരിച്ചു, അന്നമ്മ ടീച്ചര്‍ മരിച്ചു. റോയി മരിച്ചു. സഹതാപമായിരുന്നു അവരോട്. പക്ഷേ അവര്‍ക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും പറ്റിയില്ല. കല്ലറ തുറക്കുന്ന വെള്ളിയാഴ്ച വരെ ചേച്ചി ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിച്ചില്ല.
കല്ലറ തുറക്കുന്ന ദിവസം തന്നെ ചേച്ചിയെ ഞാന്‍ നേരിട്ട് കണ്ടിരുന്നു. എന്താണ് പ്രശ്നമെന്നും നിങ്ങള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടതില്ലല്ലോ എന്നും ചോദിച്ചു. അപ്പോള്‍ പറഞ്ഞത് സാഹചര്യത്തെളിവുകളൊക്കെ എനിക്കെതിരാണെന്നും 14 ദിവസത്തേക്ക് ചിലപ്പോള്‍ റിമാന്‍ഡില്‍ പോകുമെന്നുമാണ് പറഞ്ഞത്.
ചെറിയ മോനെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു. ഞങ്ങളുടെ ചിന്തകളെ തിരിച്ചടാനുള്ള ഓരോ കാര്യങ്ങളായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അന്വേഷണത്തിന്റെ ഒരാഴ്ച മുന്‍പ് ഇവിടെ വന്നിരുന്നു. ഈ വീടിനെ കുറിച്ച് ചോദിച്ചു. എത്ര തുക ചിലവായിട്ടുണ്ടാകും, എത്ര സ്‌ക്വയര്‍ ഫീറ്റ് ഉണ്ട് എന്നൊക്കെ, എനിക്ക് ഇതിന് അടുത്തായി ഒരു വീട് ഉണ്ടാക്കണമെന്നൊക്കെ പറഞ്ഞു. തോമസ് സാറും അന്നമ്മ ടീച്ചറും ഉള്ളപ്പോള്‍ എന്തൊരു രസമായിരുന്നു എന്ന് ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു. ഇപ്പോള്‍ ഇവിടെ ഒരു സുഖവുമില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ തോന്നുന്നില്ലെന്നും എല്ലാമായിരുന്നു പറയാറ്.- അയല്‍വാസി പറഞ്ഞതായി മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post