ഗുരുവായൂര്‍: ഭരതനാട്യം സ്റ്റേജില്‍ അരങ്ങേറുമ്പോള്‍ ആ ചുവടുകള്‍ അതേപടി പകര്‍ത്തി സോഷ്യല്‍മീഡിയേയും അമ്പരപ്പിച്ചിരിക്കുകയാണ് മാധവി കിരണ്‍ എന്ന മൂന്ന് വയസുകാരി. തൃശ്ശൂര്‍ കാരിയായ അമ്മിണി കുട്ടി എന്നു വിളിക്കുന്ന മാധവി കിരണ്‍ എന്ന കുരുന്നാണ് സ്റ്റേജില്‍ നോക്കി ഭരതനാട്യം കളിച്ചത്. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിക്കിടെയാണ് ഏവരെയും ഞെട്ടിച്ച് ഈ മിടുക്കി നൃത്ത ചുവടുകള്‍ വെച്ചത്.
എന്നാല്‍ അമ്പരപ്പിക്കുന്നത് മറ്റൊന്നാണ്. നൃത്ത ചുവടുകള്‍ വെച്ച് ഞെട്ടിച്ച മാധവി നൃത്തം പഠിച്ചിട്ടില്ല. മാധവിയുടെ നൃത്ത ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇക്കഴിഞ്ഞ 11നായിരുന്നു പരിപാടി. ആ പരിപാടിക്കിടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു ഗുരുവായൂരിലെ ഫോട്ടോഗ്രാഫര്‍ നിഥിന്‍ നാരായണന്‍. ഇതിനിടെ കുരുന്നിന്റെ നൃത്തം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ നൃത്തം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.
അമ്മിണി കുട്ടീടെ ഭരതനാട്യം എന്ന് കുറിച്ചുകൊണ്ട് നിഥിന്‍ തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നൃത്തം പഠിച്ചിട്ടില്ലെങ്കില്‍ പോലും ആ ചുവടുകള്‍ വെയ്ക്കാന്‍ പ്രേരിപ്പിച്ച ആ മനസിന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. നൃത്തം പഠിച്ച് നല്ല കലാകാരിയായി മാറട്ടെയെന്നും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. മൃദംഗം കലാകാരന്‍ കലാമണ്ഡലം കിരണ്‍ ഗോപിനാഥിന്റയും സവിത കിരണിന്റെയും മകളാണ് മാധവി കിരണ്‍.
Discussion about this post