തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. അദാലത്ത് നടത്തുന്നത് ഫയലുകൾ തീർപ്പാക്കാനാണ്, മാർക്ക് ദാനത്തിനല്ല.
ഉപതിരഞ്ഞെടുപ്പുകളിൽ തോൽവി പേടിച്ചാണ് ചെന്നിത്തലയുടെ ആരോപണമെന്നും മന്ത്രി പ്രതികരിച്ചു. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകൾ ഹാജരാക്കണമെന്നും കെടി ജലീൽ വെല്ലുവിളിച്ചു.
മന്ത്രി കെടി ജലീലിനെതിരെ വീണ്ടും മാർക്കദാന ആരോപണവുമായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്രസമ്മേളനവുമായി രംഗത്തെത്തിയത്. എംജി സർവകലാശാലയിൽ ബിടെക്കിന് അഞ്ചുമാർക്ക് മോഡറേഷൻ നൽകിയ നടപടി വൻക്രമക്കേടാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
മന്ത്രി നടത്തിയ അദാലത്തിലാണ് മാർക്ക് ദാനം തീരുമാനിച്ചത്. സിൻഡിക്കറ്റിനെ ഉപയോഗിച്ച് ഇത് നടപ്പാക്കി. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും ക്രമവിരുദ്ധമായാണ്. ഇക്കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Discussion about this post