തിരുവനന്തപുരം: നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ശുപാർശ. ഐഎസ്ആർഒ ചാരക്കേസിൽ തെറ്റായി പ്രതി ചേർക്കപ്പെട്ട് കരിയറും ജീവിതവും തകർന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കെ ജയകുമാറാണ് ശുപാർശ ചെയ്തത്. നമ്പി നാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മധ്യസ്ഥനായി ചുമതലപ്പെടുത്തിയ വ്യക്തിയാണ് കെ ജയകുമാർ. കേസിൽ തെറ്റായി പ്രതി ചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇതു സർക്കാർ നൽകുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിനെതിരെ 20 വർഷം മുമ്പ് നമ്പി നാരായണൻ നൽകിയ കേസ് ഇപ്പോൾ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീർപ്പാകാൻ ഇനിയും കാലതാമസമുണ്ടാവും. അതിനുമുമ്പ് നമ്പി നാരായണനുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ കൂടിയായ കെ ജയകുമാറിനെ സർക്കാർ നിയോഗിച്ചത്.
വിഷയത്തിൽ ജയകുമാർ രണ്ടുതവണ നമ്പി നാരായണനുമായി ചർച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതു കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോർട്ടിലുണ്ട്. അതേസമയം നഷ്ടപരിഹാരം സംബന്ധിച്ച സർക്കാരിന്റെ ഏതു തീരുമാനവും സ്വാഗതംചെയ്യുമെന്ന് നമ്പി നാരായണൻ വ്യക്തമാക്കി.തനിക്ക് ആരോടും വിരോധമില്ലെന്നും കേസ് യുക്തിപരമായി പര്യവസാനിക്കണം, അതാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
Discussion about this post