കോഴിക്കോട്: പ്രജി കുമാറിനെ വീഴ്ത്താൻ രണ്ട് കുപ്പി മദ്യവും 5000 രൂപയും കൈമാറിയെന്ന് വെളിപ്പെടുത്തി എംഎസ് മാത്യു. കൂടത്തായിയിലെ ജോളി നടത്തിയ ആറ് കൊലപാതകങ്ങളിൽ അഞ്ച് മരണങ്ങൾക്കും കാരണമായത് സയനൈഡ് നൽകിയതായിരുന്നു. ഈ സയനൈഡ് ജോളിക്ക് കൈമാറിയത് കൂട്ടുപ്രതി മാത്യുവായിരുന്നു. സുഹൃത്തും സ്വർണ്ണപ്പണിക്കാരനുമായ പ്രജി കുമാറിൽ നിന്നാണ് മാത്യു സയനൈഡ് സ്വന്തമാക്കിയത്. ഇതിനായി രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജി കുമാറിനു നൽകി. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട് മാത്യു പറഞ്ഞു.
പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജി കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നാണ് ജോളി നൽകിയിരിക്കുന്ന മൊഴി. മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയതോടെയാണ് പോലീസ് ഇതിൽ വ്യക്തത തേടിയത്. പ്രജി കുമാറിനു പുറമേ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
അതിവിദഗ്ധമായാണു ജോളി കൊലപാതകങ്ങൾ നടത്തിയത്. ഇതു മിടുക്കല്ല, പ്രത്യേകതരം മാനസികാവസ്ഥയാണെന്നും ജോളിയുടേതു ഇരട്ട വ്യക്തിത്വമാണെന്നും എസ്പി കെജി സൈമൺ പറയുന്നു. ഒരു സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം സാധിക്കുമെന്നും കൊലപാതകങ്ങൾ നടത്തിയതിൽ ജോളിക്കു വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.