തിരുവനന്തപുരം: ഭരതന്നൂരിൽ പത്ത് വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ചുരുളഴിക്കാൻ ശ്രമം. ഏഴാംക്ലാസ് വിദ്യാർത്ഥി ആദർശിനെ പത്ത് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണോ അപകടമരണമാണോ എന്നുപോലും സ്ഥിരീകരിക്കാൻ ശ്രമിക്കാതെ പോലീസ് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഒടുവിൽ ക്രൈംബ്രാഞ്ച് കേസിലെ നിഗൂഢത അവസാനിപ്പിക്കാനായി ആദർശിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ഉറച്ചിരിക്കുകയാണ്. ഇന്നാണ് മൃതദേഹം പുറത്തെടുത്തുള്ള പരിശോധന. റീ പോസ്റ്റുമോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷം മരണത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് പ്രതീക്ഷ.
മുങ്ങിമരണമെന്ന് പോലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. ആദർശ് വിജയനെ അടക്കിയ സ്ഥലം കാടുകയറി മൂടിക്കഴിഞ്ഞു. ഇരുൾമൂടിപ്പോയെന്ന കരുതിയ കേസിലേക്ക് പുതുവെളിച്ചം തേടിയാണ് കുഴിമാടം തുറന്ന് ക്രൈംബ്രാഞ്ച് സംഘം ശരീരാവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. 2009 ഏപ്രിലിലായിരുന്നു പാൽ വാങ്ങാൻ പോയ ആദർശിനെ കാണാതായതും പിന്നീട് വഴിയരികിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതും. മുങ്ങിമരണമെന്ന് വിധിയെഴുതി ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
എന്നാൽ, ഇത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ആദർശിന്റെ കുടുംബം നീണ്ട നാൾ നടത്തിയ നീതിക്കായുള്ള പോരാട്ടത്തിന് ഒടുവിലാണ് മർദ്ദനമേറ്റാണ് മരണമെന്നും മരിച്ചശേഷമാണ് മൃതദേഹം കുളത്തിലിട്ടതെന്നുമുള്ള കണ്ടെത്തലിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. പ്രതിയെ കുറിച്ചും സൂചനകളുണ്ട്. അത് ഉറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകളാണ് റീ പോസ്റ്റുമോർട്ടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.
താലൂക്ക് ആശുപത്രിയിൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ വിട്ടുകളഞ്ഞ ചില നിർണായകമായ വിവരങ്ങൾ വീണ്ടെടുക്കലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യമാണ്.
Discussion about this post