മലപ്പുറം: തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ട് ദിവസത്തിനു ശേഷം കള്ളന് തിരികെ എത്തിച്ചു. കഴുകി വൃത്തിയാക്കിയ ശേഷമാണ് ബൈക്ക് എടുത്തിടത്ത് തന്നെ കൊണ്ടുവെച്ചത്. മലപ്പുറം അങ്ങാടിപ്പുറത്താണ് വിചിത്ര സംഭവം നടന്നത്.
പാതായ്ക്കര കലന്തന് മുഹമ്മദ് ഷബീറിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഒരു അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത് വന്ന ഷബീര്‍ തട്ടുകടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ബൈക്കുമായി കള്ളന് എടുത്തു പോയത്. സംഭവത്തെ തുടര്‍ന്ന് ഷബീര്‍ പോലീസില്‍ വിവരമറിയിക്കുകയും തിരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല.
ശേഷം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തുകയായിരുന്നു. മോഷണം പോയ സ്ഥലത്തിന് സമീപമുള്ള റോഡരികില്‍ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുന്ന വിധത്തില്‍ വച്ചിരിക്കുകയായിരുന്നു ബൈക്ക്. സീറ്റ് കവറിനുള്ളില്‍ വച്ച നിലയില്‍ താക്കോല്‍ അടക്കമാണ് ബൈക്ക് കണ്ടെത്തിയത്. നൂറ്റമ്പത് കിലോമീറ്ററിലധികം ബൈക്ക് ഓടിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ബൈക്ക് കഴുകി തുടച്ച നിലയിലാണ് തിരികെ കിട്ടിയത്.
Discussion about this post