കോഴിക്കോട്: പതിനാല് വർഷത്തോളം എൻഐടി അധ്യാപികയായി ചമഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി പോയികൊണ്ടിരുന്നത് ക്യാംപസിലെ കാന്റീനിലും പുറത്തെ ബ്യൂട്ടീപാർലറിലും കറങ്ങാൻ മാത്രമാണോ. ഈ സംശയത്തിലാണ് പോലീസും കൂടത്തായിയിലെ നാട്ടുകാരും. ജോളി ജോസഫ് എന്നും രാവിലെ എട്ടരയോടെ കാറിലോ സ്കൂട്ടറിലോ പോകുന്നത് സ്ഥിരമായി ഇവിടുത്തുകാർ കാണാറുണ്ടായിരുന്നു. അവരാരും സംശയിച്ചിരുന്നുമില്ല. എന്നാൽ ഈ എൻഐടിയിലെ ജോലി തന്നെ ജോളി കെട്ടിചമച്ച് ഉണ്ടാക്കിയ ഒന്നായിരുന്നെന്ന് നാട്ടുകാർക്ക് ഒപ്പം പോലീസിനു തന്നെ വിശ്വസിക്കാൻ പ്രയാസം.
പതിനാല് വർഷത്തോളം ജോളി സ്ഥിരമായി പോയിരുന്ന കോഴിക്കോട് എൻഐടിയുടെ പരിസരത്ത് ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് പോലീസ് കാര്യമായി അന്വേഷിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കുന്ന പോലീസ് സംഘം ഇന്നലെയും എൻഐടി പരിസരത്ത് അന്വേഷണം നടത്തി. ചാത്തമംഗലം മേഖലയിൽ ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടിപാർലർ, തയ്യൽക്കട, എൻഐടി കാന്റീൻ എന്നിവിടങ്ങളിൽ സ്ഥിരമായി പോകാറുണ്ടെന്നായിരുന്നു ജോളി പോലീസിനോടു പറഞ്ഞത്.
തയ്യൽക്കട ഉടമയെ ഇന്നലെ ചോദ്യം ചെയ്തു. എൻഐടിക്കു സമീപത്തുള്ള ക്രൈസ്തവ ദേവാലയത്തിലും ജോളി ഇരിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങളിൽ ജോളിയെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. എന്നാൽ 14 വർഷമായി എൻഐടിയിലേക്കെന്നു പറഞ്ഞു കാറിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ഈ സ്ഥലങ്ങളിൽ മാത്രമാണു പോയിരുന്നതെന്നു വിശ്വസിക്കാൻ പോലീസിനും പ്രയാസമാണ്.
ജോളിയുടെ ദൂരൂഹമായ ചില ബന്ധങ്ങളും യാത്രകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനെ എൻഐടി ബന്ധവുമായി കൂട്ടിയോജിപ്പിക്കുന്ന കണ്ണികൾക്കു വേണ്ടിയുള്ള ശ്രമത്തിലാണു പൊലീസ്. എൻഐടി പരിസരത്തു ജോളിക്കു ഫ്ളാറ്റും താമസിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. ഈ ഫ്ളാറ്റിലേക്ക് സ്ഥിരമായി ഇവരും സുഹൃത്തുക്കളും വന്നുപോയിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ഒരു ബാങ്കിന്റെ ഇവിടെയുള്ള ശാഖയിലെ അക്കൗണ്ട് വഴിയാണ് ജോളി പല പണമിടപാടുകളും നടന്നിരുന്നതെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post