പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ പെരുമ്പാമ്പിന് പുനര്ജന്മം. കഴിഞ്ഞ ദിവസമാണ് പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞിറങ്ങിയ പാമ്പ് പാളം മുറിച്ച് കടന്നത്. ഇതിനിടയില്‍ ട്രെയിന്‍ കടന്നുപോകുന്ന പാലത്തിലേക്ക് കേറാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിന് പരിക്കേറ്റ് വീണിരുന്നു.
ഇതിന്റെ വീഡിയോ യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ട്രെയിനിന് തലവച്ച് പെരുമ്പാമ്പിന്റെ ആത്മഹത്യയെന്നും പറഞ്ഞ് വീഡിയോ പ്രചരിച്ചിരുന്നു. പിടഞ്ഞുവീണ പാമ്പ് അനക്കമില്ലാതെ കിടന്നപ്പോള്‍ ചത്തുപോയെന്നാണ് വീഡിയോ കണ്ടവര്‍ കരുതിയത്.
നാലാമത്തെ പ്ലാറ്റ്ഫോമിലെത്തിയ പാമ്പ് രണ്ട് പാളങ്ങള്‍ മുറിച്ച് കടന്ന് അടുത്ത പാളത്തിലേക്ക് കടന്നപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്. സ്റ്റേഷനിലുണ്ടായിരുന്ന ചില യാത്രക്കാരാണ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പാമ്പ് ട്രെയിനിനടിയില്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ പരിക്കേറ്റ പാമ്പിനെ രക്ഷപ്പെടുത്താന്‍ ആരും തയ്യാറായില്ല.
അതേസമയം, യാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പാമ്പിനെ ഏറ്റെടുക്കുകയായിരുന്നു. ചത്തെന്ന് കരുതിയാണ് വനംവകുപ്പ് ജീവനക്കാര്‍ പാമ്പിനെ ഓഫീസിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇടയ്ക്ക് പാമ്പിന് അനക്കമുണ്ടെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് വെറ്റിറിനറി സര്‍ജനെ വിളിച്ചുവരുത്തി.
അപ്പോള്‍ നടത്തിയ പരിശോധനയിലാണ് പാമ്പ് ചത്തിട്ടില്ലെന്ന് വ്യക്തമായത്. ഉടന്‍തന്നെ മലമ്പുഴയിലെ പാമ്പ് സംരക്ഷണകേന്ദ്രത്തിലെ വിദഗ്ദര്‍ എത്തി പരിക്കേറ്റ പാമ്പിന് ചികിത്സ നല്കി. വിദഗ്ദ ചികിത്സയ്ക്കൊടുവില്‍ പാമ്പ് രക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം ഫോറസ്റ്റ് ഓഫീസര്‍ ജമാലുദ്ദീന്‍ ലബ്ബ പറഞ്ഞതായി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന് ശ്രീജിത്ത് പെരുമന സമൂഹമാധ്യങ്ങളിലൂടെ വ്യക്തമാക്കി.
Discussion about this post