തിരുവനന്തപുരം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കാമെന്ന് ഡിജിപി. വിഷയത്തില്‍ ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ചര്‍ച്ച നടത്തി. കുറച്ച് അയ്യപ്പന്മാര്‍ക്ക് എങ്കിലും സന്നിധാനത്ത് വിരിവക്കാന്‍ അനുവാദം നല്‍കണമെന്നും, നെയ്യഭിഷേക സമയം നീട്ടണമെന്നും ആവശ്യം ഉന്നയിച്ചു.
യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നട അടച്ചതിന് ശേഷം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസ് നിയന്ത്രണങ്ങള്‍ക്ക് എതിരെ ദേവസ്വംബോര്‍ഡ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഹോട്ടലുകള്‍ അടക്കം കച്ചവട സ്ഥാപനങ്ങള്‍ നട അടച്ച ശേഷം തുറന്നു പ്രവര്‍ത്തിക്കരുത്. മുറികള്‍ വാടകയ്ക്ക് കൊടുക്കരുത് എന്നും ദേവസ്വം അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. രാത്രി സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Discussion about this post