തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി. ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ നടത്തിയ മൂന്നാംഘട്ട റെയ്ഡില്‍ 11 പേരെ അറസ്റ്റ് ചെയ്തു. 20 കേസുകളിലായാണ് അറസ്റ്റ്.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും പോലീസ് പിടിച്ചെടുത്തു. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ തേടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സമൂഹമാധ്യമങ്ങളിലടക്കം സജീവമായത് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനായി ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ സെബര്‍സെല്ലിന്റെ സഹായത്തോടെ കേരള പോലീസ് ജനുവരി മുതലാണ് അന്വേഷണം കര്‍ശനമാക്കിയത്.
ഇതിന്റെ ഭാഗമായി നടന്ന പരിശോധനയുടെ മൂന്നാം ഘട്ടത്തിലാണ് ഇത്രയധികം പേരുടെ അറസ്റ്റ് ഒരുമിച്ച് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഏഴ് ജില്ലകളിലായി നടത്തിയ റെയ്ഡിലാണ് 11 പേരാണ് പോലീസിന്റെ വലയിലാകുന്നത്.
ഈ കേസില്‍ ഇന്റര്‍പോളിന്റെ സഹായവും പോലീസിന് ലഭിച്ചിരുന്നു. ടെലഗ്രാമിലെ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് മാഫിയ സജീവമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. നിലവില്‍ 126 പേര് ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പറയുന്നത്.