വടകര: പ്രതിരോധിക്കാനായി പരിശീലനം നൽകിയ അഭിഭാഷകനെ വിമർശിച്ച് കോഴിക്കോട് റൂറൽ എസ്പി കെജി സൈമൺ. കൂടത്തായി കൊലപാതക പരമ്പര കേസിലെപ്രതി ജോളി ആദ്യ ദിവസങ്ങളിൽ ചോദ്യം ചെയ്യലിനെ പ്രതിരോധിച്ചത് ഒരു അഭിഭാഷകന്റെ നിർദേശപ്രകാരമാണെന്ന് റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു. ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാൻ ജോളിക്ക് പരിശീലനം നൽകിയത് ഈ അഭിഭാഷകനാണ്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാൽ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു.
‘അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിർദേശപ്രകാരമാണ്. എന്നാൽ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവർ കുറ്റസമ്മതം നടത്തി. അഭിഭാഷകന് പ്രൊഫഷണലിസമാകാം. കക്ഷിയെ സഹായിക്കാം. എന്നാൽ കുറച്ചൂകൂടി സാമൂഹിക പ്രതിബന്ധത കാണിക്കേണ്ടതായിരുന്നു.’- എസ്പി പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ എല്ലാ കുറ്റങ്ങളും ജോളി സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കിൽ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു. തലേദിവസം താമരശേരി പോലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാൻ പോയത്. ആ അഭിഭാഷകനാണ് ചോദ്യം ചെയ്യലിൽ പ്രതിരോധിക്കാൻ ജോളിക്ക് നിർദേശങ്ങൾ നൽകിയത്. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു.
Discussion about this post