കോഴിക്കോട്: അന്ന് സിലിക്ക് നേരെയും തന്റെ കൈകൾ നീണ്ടെന്ന് ഒടുവിൽ കുറ്റസമ്മതം. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഷാജുവിന്റെ മകൾ ആൾഫൈനിനെ കൊലപ്പെടുത്തിയ അന്നുതന്നെ സിലിയേയും കൊലപ്പെടുത്താൻ ശ്രമിച്ചു. വീട്ടിൽ നടന്ന ചടങ്ങിലെ തിരക്കാണ് തടസമായത്. സയനൈഡ് കലർത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോൾ സിലിയേയും കഴിക്കാൻ നിർബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നാണ് ജോളിയുടെ മൊഴി. രണ്ടാമത്തെ തവണയാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്. കുടിവെള്ളത്തിലും ഗുളികയിലും സയനൈഡ് കലർത്തിയാണ് സിലിക്ക് നൽകിയത്. ഇത് കഴിച്ച ഉടനെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു സിലി.
അതേസമയം, കൂടത്തായി കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പകൽ മുഴുവൻ ജോളിയെ മാത്രമാണ് വടകര റൂറൽ എസ്പി ഓഫീസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ നിർണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി തീരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതൽ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
അതേസമയം, ഓരോ കൊലപാതകം നടത്തുമ്പോഴും പിടിക്കപ്പെടാതിരുന്നത് തനിക്ക് ആത്മവിശ്വാസം വർധിപ്പിച്ചെന്ന് ജോളി പോലീസിന് മൊഴി നൽകി. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നൽകി. ഇതോടെയാണ് കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂർണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു.