കൊച്ചി: മരട് ഫ്ളാറ്റുകൾ പൊളിക്കുന്നത് തങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിൽ കഴിയുന്നവർക്ക് ആശ്വാസം പകരാൻ ജില്ലാഭരണകൂടം തയ്യാറെടുക്കുന്നു. ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കാൻ വിശദീകരണ യോഗങ്ങൾ നടത്തും. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ളാറ്റുകളിലെ സമീപവാസികളുടെ യോഗമാണ് സബ് കളക്ടർ വിളിച്ചു ചേർത്തത്.
ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾക്ക് നഗരസഭ അംഗീകാരം നൽകാത്തതിനാൽ ഫ്ളാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാൻ ആകില്ല. ഹോളി ഫെയ്ത്ത് ഫ്ളാറ്റിന് സമീപം താമസിക്കുന്നവർക്കായി വൈകിട്ട് മൂന്ന് മണിക്ക് കുണ്ടന്നൂർ പെട്രോ ഹൗസിന് സമീപവും ഗോൾഡൻ കായലോരം പാർപ്പിട സമുച്ചയത്തിന് സമീപം താമസിക്കുന്നവർക്ക് ഫ്ളാറ്റ് പരിസരത്ത് വൈകിട്ട് അഞ്ച് മണിക്കുമാണ് യോഗം നടത്തുക.
ഫ്ളാറ്റ് പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് വിശദീകരണം നൽകുന്നത്. പൊളിക്കൽ ചുമലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിങാണ് വിശദീകരണം നൽകുക. പാർപ്പിട സമുച്ചയത്തിന് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
നിലവിൽ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗൺസിൽ, ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗൺസിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗൺസിലിന്.
Discussion about this post