തൃശൂര്‍: വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ച തക്കത്തിനിടെ പ്രതി രക്ഷപ്പെട്ട് ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനില്‍. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍
വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോ ആണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഓട്ടം. കോടതിയില്‍ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നതായിരുന്നു. കയ്യിലെ വിലങ്ങ് പോലീസ് അഴിച്ചു. ഈ തക്കത്തിന് ലിയോ ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയുമായി കൈവിലങ്ങോടെ ഓടുന്ന പോലീസുകാരനും.
പ്രതി ഓടിച്ചെന്നതാകട്ടെ പോലീസ് സ്റ്റേഷന് മുമ്പില്‍. പോലീസുകാരന്‍ കയ്യോടെ പിടികൂടി. പോലീസിനെ വെട്ടിച്ച് പ്രതി ഓടുന്ന ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പേരാമംഗലം പോലീസ് ആണ് അടിപിടി കേസില്‍ പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കില്‍ അകമ്പടി പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടുമായിരുന്നു. കയ്യോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പോലീസ്.