വടകര: പൊന്നാമറ്റം വീട്ടിൽ സന്ദർശനം നടത്തി ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായി കൊലപാതക പരമ്പര പോലീസിനെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും എന്നാൽ കേസ് തെളിയിക്കുക എന്നത് അസാധ്യമല്ലെന്നും ഡിജിപി പ്രതികരിച്ചു. വടകര എസ്പി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി. അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി കോഴിക്കോട്ടെത്തിയത്.
ഇത്രയും കാലത്തെ അനുഭവങ്ങളിൽ നിന്ന് ഇതൊരു വെല്ലുവിളി നിറഞ്ഞ കേസാണ്. കരുതുന്നതുപോലെ അത്ര എളുപ്പമല്ല കേസ് തെളിയിക്കാൻ. തെളിവുകൾ കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്റെ മുഖ്യ ലക്ഷ്യം. അസാധ്യമായി ഒന്നുമില്ല.ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഓരോന്നും പ്രത്യേകമായി അന്വേഷിക്കും. 17 വർഷം മുമ്പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വർഷം മുമ്പും. അതിനാൽ തെളിവുകൾ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത്രയും കാലമെടുത്തതിനാൽ കേസിൽ ദൃക്സാക്ഷിയോ ഒന്നും ഉണ്ടാകില്ല. സാഹചര്യ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കേണ്ടി വരും. അതിനാൽ വലിയൊരു സംഘമാണ് കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായിയിലെ ആറ് കേസുകൾക്കും പ്രത്യേകം അന്വേഷണ സംഘങ്ങൾ ഉണ്ടാകും. കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാകും സംഘത്തിൽ ഉണ്ടാകുക. ഇവർക്കൊപ്പം കേസിൽ സഹായിക്കാൻ സാങ്കേതിക വിദഗ്ധരുമുണ്ടാകും. കേരളത്തിലേതുൾപ്പെടെ രാജ്യത്തെ മികച്ച ഫോറൻസിക് വിദഗ്ധരേയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തും. കേസിന്റെ വിവിധ വശങ്ങൾ നിയമ വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
തെളിവുകൾക്കായി ഫോറൻസിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തേണ്ടിവരികയാണെങ്കിൽ അതിനും തയ്യാറാണ്. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ കഴിഞ്ഞത്. ഇങ്ങനൊരു സംഭവം നടന്നുവെന്ന് തിരിച്ചറിഞ്ഞ എസ്പി അഭിനന്ദനം അർഹിക്കുന്നു. ജോളിയിൽ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യമെന്നും വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെളിവുകൾ കണ്ടെത്തണമെന്നും ഡിജിപി പറഞ്ഞു.
Discussion about this post