വടകര: ‘എന്നെ നേരത്തേ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സര്… അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു…’ ഇത് കൂടത്തായിയിലെ കൂട്ടകൊലപാതകങ്ങള്‍ നടത്തിയ ജോളിയുടെ മൊഴിയാണ്. റൂറല്‍ എസ്പി കെജി സൈമണിന്റെ ചോദ്യംചെയ്യലിനിടെയാണ് ജോളി മൗനം വെടിഞ്ഞ് മറുചോദ്യം ചോദിച്ചത്.
ആദ്യമെ തന്നെ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി. ആറു പേരെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയതിന്റെ യാതൊരു സങ്കോചവും ജോളിക്ക് ഇല്ലായിരുന്നു.
തീര്‍ത്തും നിസംഗമായിട്ടാണ് ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്. പിന്നീട് എല്ലാം തുറന്ന് പറയുകയായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്ന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും- ഉദ്യോഗസ്ഥരെയും ഞെട്ടിച്ച് ജോളി പറഞ്ഞു.
സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകളാണ് പുറത്ത് വരുന്നത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നുമാണ് ജോളി പറയുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം കഴിക്കുവാന്‍ വേണ്ടിയാണ് ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നാണ് ജോളി വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഇനിയും മൂടിക്കിടക്കുന്ന സത്യങ്ങള്‍ പുറത്ത് വരാന്‍ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നത്.
Discussion about this post