ഇടുക്കി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു. കൂറ്റന്‍ പാറകളാണ് റോഡിലേക്ക് പതിച്ചിരിക്കുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്ക് പതിച്ചതിനാല്‍ നിര്‍മ്മാണത്തിലിരുന്ന റോഡ് തകര്‍ന്നിരിക്കുകയാണ്. അതേസമയം പാറകള്‍ താഴേക്ക് വീണതിനാല്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ തമിഴരശന് വേണ്ടിയുള്ള തെരച്ചില്‍ ദുഷ്കരമായിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ ക്രെയിന്‍ ഓപ്പറേറ്ററായ തമിഴരശനും സഹായി ഉദയനും മണ്ണിനടിയില്‍പ്പെടുകയായിരുന്നു. ഉദയന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിനായി ഈ ഭാഗത്ത് നിന്ന് വലിയ തോതില്‍ പാറ ഖനനം നടത്തിയിരുന്നു. ഇതോടെ ഈ ഭാഗത്തെ മണ്ണിന് ഇളക്കം തട്ടിയതോടെ ആണ് കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചത്.
പാറ ഖനനനം നടത്തിയതിന്റെ ബാക്കി ഭാഗങ്ങള്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ ഇതുവഴി കാല്‍നടയാത്രക്കാരെ പോലും കടത്തി വിടാതെ രാത്രിയില്‍ അടക്കം പോലീസ് കാവല്‍ നില്‍ക്കുകയാണ്. അതേസമയം വീണ്ടും പ്രദേശത്ത് മണ്ണിടിഞ്ഞത് കാരണം ദേവികുളം ഭാഗത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തില്‍ മൂന്നാര്‍ ഭാഗത്ത് കൂടി മാത്രമാണ് നിലവില്‍ തമിഴരശനായി തെരച്ചില്‍ നടത്തുന്നത്.
Discussion about this post