ഇരിങ്ങാലക്കുട: തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിലെ ബസ് ഡ്രൈവറുടെ ലൈസൻസ് വ്യാജം. മലക്കപ്പാറയിൽ വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചിരുന്നു. അപകടമുണ്ടാകുന്ന സമയത്ത് ബസ് ഓടിച്ചിരുന്ന മാപ്രാണം മാടായിക്കോണം തച്ചപ്പുള്ളി വീട്ടിൽ നിഖിലിന്റെ ലൈസൻസ് വ്യാജമാണെന്നാണ് ആർടിഒ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റ് നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
വഞ്ചനക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനുമാണ് കോളേജിലെ താത്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്ന നിഖിലിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. മലക്കപ്പാറ പോലീസ് ഇയാൾക്കെതിരെ മനഃപൂർവ്വമായ നരഹത്യയും ചുമത്തിയിട്ടുണ്ട്. മാനേജ്മെന്റിന് ഇയാൾ സമർപ്പിച്ചിരുന്ന ലൈസൻസ് നിയമപരമല്ലെന്നാണ് ഇരിങ്ങാലക്കുട ആർടിഒ റിപ്പോർട്ട് നൽകിയത്. ഇത്തരത്തിൽ ഒരു ലൈസൻസ് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ നിന്ന് നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടത്തെത്തുടർന്ന് കോളേജ് അധികൃതർ ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. ഒക്ടോബർ ആറിന് വൈകീട്ട് മലക്കപ്പാറയിൽ ഉണ്ടായ അപകടത്തിൽ ഒന്നാം വർഷ എംഎസ്ഡബ്ല്യു വിദ്യാർത്ഥിനി ആൻസി വർഗീസാണ് മരിച്ചത്.
നിഖിലിനെതിരെ അപകടമുണ്ടായ ഉടൻ കേസെടുത്ത പോലീസ്, പിന്നീട് മനഃപൂർവമായ നരഹത്യ എന്ന ജാമ്യമില്ലാത്ത വകുപ്പുകൂടി ചേർക്കുകയായിരുന്നു. വീതികുറഞ്ഞ കാനനപാതയിൽ അമിതവേഗത്തിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചതിനാലാണ് മനഃപൂർവമായ നരഹത്യയ്ക്ക് കേസെടുത്തത്. ഡ്രൈവറെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാൾ ഒളിവിലാണ്.
Discussion about this post