കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട കൊച്ചിയിലെ മരടില്‍ പണിത ഫ്ളാറ്റുകള്‍ പൊളിക്കാന്‍ വെറും ആറ് സെക്കന്റ് മതിയെന്ന് പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍. പൊളിപ്പിക്കല്‍ നടപടികള്‍ ഒന്നരമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും ഫ്ളാറ്റ് പൊളിച്ച് നീക്കുമ്പോള്‍ കെട്ടിടത്തിന്റെ പത്തു മീറ്റര്‍ ചുറ്റളവിനപ്പുറത്തേക്ക് പ്രകമ്പനമുണ്ടാകില്ലെന്നും കമ്പനികളിലൊന്നായ എഡിഫെസ് വ്യക്തമാക്കി.
ഇന്ന് നടക്കുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഫ്ളാറ്റ് പൊളിക്കാന്‍ തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് അംഗീകാരം നല്‍കും. ഇതിന് ശേഷം മാത്രമേ ഫ്ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുകയുള്ളൂ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫെസ് എഞ്ചിനീയറിംഗ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി ഫ്ളാറ്റുകള്‍ പൊളിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. പത്ത് ദിവസത്തിനകം കമ്പനികള്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെ കുറിച്ച് കൃത്യമായ രൂപരേഖ സര്‍ക്കാരിന് നല്‍കണം.
പൊളിക്കാനുള്ള ഫ്ളാറ്റുകളില്‍ മൂന്നെണ്ണമാണ് എഡിഫെസ് കമ്പനി പൊളിക്കുക. രണ്ട് രീതികളാണ് കമ്പനി ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സ്വീകരിക്കുന്നത്. ഒന്ന്, കെട്ടിടം ചീട്ടു കൊട്ടാരം പോലെ തകര്‍ക്കുന്ന രീതിയാണ്. പത്തൊമ്പത് നിലകളുള്ള ഒരു കെട്ടിടത്തിന്റെ അഞ്ച് നിലകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കും. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ആദ്യം സ്ഫോടനമുണ്ടാക്കും. നിമിഷങ്ങള്‍ക്കകം ഈ കെട്ടിടം നിലംപതിക്കും. രണ്ടാമത്തെ രീതി ലംബാകൃതിയിലുള്ള മൂന്ന് ഭാഗങ്ങളായി കെട്ടിടം പൊളിക്കുന്നതാണ്. ഈ രണ്ട് രീതികളിലും കെട്ടിടം പൊളിക്കാന്‍ വേണ്ട സമയം വെറും ആറ് സെക്കന്റില്‍ താഴെ മാത്രം മതിയെന്നാണ് എഡിഫെസ് കമ്പനിയില്‍ നിന്നുള്ള വിദഗ്ധന്‍ ഉത്ത്കര്‍ഷ് മെഹ്ത വ്യക്തമാക്കിയത്. അതേസമയം സ്ഫോടനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ഫ്ളാറ്റുകള്‍ നിലനില്‍ക്കുന്ന പരിധിക്ക് അപ്പുറത്തേക്ക് പോകില്ലെന്നും നൂറ് മീറ്ററിനപ്പുറത്തേക്ക് പൊടിപടലങ്ങള്‍ ഉണ്ടാകില്ലെന്നും കമ്പനികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post