തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ് മെന്‍ പൈലറ്റ് ആദം ഹാരി(20)യുടെ സ്വപ്‌നങ്ങള്‍ ഇനി പറന്നുയരും. ആദത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കൈത്താങ്ങായിരിക്കുകയാണ്. ഒരുഘട്ടത്തില്‍ ഉപേക്ഷിച്ച ആദമിന്റെ പൈലറ്റ് മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് കൊമേഴ്സ്യല്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് എല്ലാ സഹായങ്ങളും ഒരുക്കുകയാണ്.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ 23 ലക്ഷം രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ആദം പഠനം ആരംഭിക്കുകയാണ്. പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നത്. 3 വര്‍ഷത്തെ കോഴ്സ് ഫീ, ഹോസ്റ്റല്‍ ഫീസ്, ഉള്‍പ്പെടെ 23,34,000 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്.
അതേസമയം, തന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ സഹായിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് ആദം ഹാരി നന്ദി അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 23.34 ലക്ഷം രൂപയും മറ്റാവശ്യങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷമിഷന്‍ വി കെയര്‍ പദ്ധതി വഴിയും ബാക്കി തുക അനുവദിക്കുന്നത്.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ആദം ജോഹന്നാസ് ബര്‍ഗില്‍ പ്രൈവറ്റ് പൈലറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വ്യക്തിത്വം തിരിച്ചറിഞ്ഞതോടെ തുടര്‍പഠനം പ്രതിസന്ധിയിലായിരുന്നു.
‘എന്റെ വ്യക്തിത്വം കുടുംബത്തിന് ബാധ്യതയാണെന്ന് മനസിലാക്കിയതോടെ വീട് വിട്ടു. കൊച്ചിയിലെ ഒരു ഏവിയേഷന്‍ അക്കാഡമിയില്‍ പരിശീലകനായി താല്‍കാലിക ജോലികിട്ടി. പക്ഷേ ട്രാന്‍സ്ജെന്‍ഡറാണെന്ന് മനസിലാക്കിയതോടെ ശമ്പളം തരാന്‍ അവര്‍ തയ്യാറായില്ല. ഭക്ഷത്തിനുള്ള പണം മാത്രമായിരുന്നു പ്രതിഫലമായി തന്നത്. എങ്ങനെയും ഏവിയേഷന്‍ മേഖലയില്‍ പിടിച്ചുനില്‍കാനായിരുന്നു ശ്രമം. പക്ഷേ സഹികെട്ടപ്പോള്‍ എന്റെ പൈലറ്റ് സ്വപ്നങ്ങള്‍ എന്നന്നേക്കും അവസാനിക്കാന്‍ തീരുമാനമെടുത്തു.’ ആദം പറയുന്നു.
തുടര്‍ന്ന് പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. കിടക്കാനൊരിടം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങി. ഇതറിഞ്ഞ ചില ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആദം ഹാരി സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറേയും മന്ത്രി കെ.കെ. ശൈലജയേയും കണ്ടു. അങ്ങനെയാണ് ആദം ഹാരിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്.
ഇന്ത്യയിലെ പല ഏവിയേഷന്‍ അക്കാഡമികളേയും സമീപിച്ചെങ്കിലും അവരാരും അഡ്മിഷന്‍ നല്‍കാന്‍ തയ്യാറായില്ല. അവസാനം രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുടെ ട്രെയിനി പൈലറ്റ് കോഴ്സില്‍ ചേരുന്നതിനുള്ള എല്ലാ സഹായവും സാമൂഹ്യനീതി വകുപ്പ് നടത്തിക്കൊടുത്തു.
‘ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിക്കുകയറണമെന്നാണ് ആഗ്രഹമെന്ന് ആദം പറയുന്നു. ”പക്ഷേ, അവിടെ ട്രാന്‍സ്ജെന്‍ഡര്‍മാരെ അംഗീകരിക്കാന്‍ തുടങ്ങിയിട്ടില്ല. അല്ലാത്തപക്ഷം ഏതെങ്കിലും എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിക്കണം’- ആദം സ്വപ്‌നം പങ്കുവയ്ക്കുന്നു.
Discussion about this post