കാസര്‍കോട്: അധികൃതര്‍ ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരി കെഎസ്ഇബി. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഇതോടെ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി പേര്‍ ബുദ്ധിമുട്ടി.
സാധാരണ അതത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വൈദ്യുതി ബില്‍ അടയ്ക്കാറുള്ളത്. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ലാ കളക്ടര്‍ സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ ഫയല്‍ മേശപ്പുറത്ത് നിന്ന് അനങ്ങിയില്ല. യാതൊരു നടപടികളും ഉണ്ടായില്ല. സെപ്റ്റംബര്‍ മാസം ലഭിച്ച ബില്‍ അടയ്ക്കാനുള്ള അവസാന തീയതിയും വന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു. ഇതോടെയാണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് പണമടച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
Discussion about this post