കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട കൊച്ചിയിലെ മരടില്‍ പണിത ഫ്ളാറ്റുകള്‍ ഇന്ന് ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ പരിശോധിക്കും. ഉത്തം ബ്ലാസ്ടെക്, വിജയ സ്റ്റോണ്‍സ് (രണ്ടും ഹൈദരാബാദ്) എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായ സര്‍വ്വാതെ മൈനിങ് എന്‍ജിനീയറാണ്. ഇരുനൂറോളം കെട്ടിടങ്ങള്‍ പൊളിച്ചതിന് ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ വ്യക്തിയാണ് അദ്ദേഹം.
രാവിലെ മരട് നഗരസഭയില്‍ എത്തുന്ന അദ്ദേഹം സര്‍ക്കാര്‍ നിയോഗിച്ച പതിനൊന്നംഗ സാങ്കേതിക സമിതി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഫോര്‍ട്ടുകൊച്ചി സബ്കളക്ടറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇവര്‍ പൊളിക്കാനുള്ള ഫ്ളാറ്റുകള്‍ പരിശോധിക്കും. ഇതിനു ശേഷം അദ്ദേഹം ഫ്ളാറ്റ് പൊളിക്കാന്‍ കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിക്കുക.
അതേസമയം ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ കമ്മിറ്റിയുടേതാണ് ഈ തീരുമാനം. നഗരസഭയില്‍ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വില്‍പ്പന കരാര്‍ ഹാജരാക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് സമിതി അറിയിച്ചത്. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് എത്ര രൂപയാണ് നല്‍കിയതെന്ന് വ്യക്തമാക്കാന്‍ യഥാര്‍ത്ഥ വില ഉള്‍ക്കൊള്ളിച്ച് ഓരോ ഫ്ളാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 241 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നഗരസഭ നേരത്തെ സര്‍ക്കാരിന് നല്കിയ പട്ടികയിലുണ്ട്. 135 ഫ്ളാറ്റ് ഉടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര് വില്‍പ്പന കരാറും നഗരസഭയില്‍ ഹാജരാക്കിയിട്ടുണ്ട്.
Discussion about this post