കൊച്ചി: പാര്‍ക്കിങ്ങ് തര്‍ക്കത്തിനിടെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയ യുവതി അറസ്റ്റില്‍. കളമശേരി കുസാറ്റ് അനന്യ കോളെജ് ഹോസ്റ്റലിലെ മേട്രന് ആയ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശത്ത് താറോല്‍മിത്തല്‍ ആര്യ ബാലന് (26) ആണ് അറസ്റ്റിലായത്. ആലുവ പോലീസ് മുന്‍പാകെ ആര്യ കീഴടങ്ങുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി. പോലീസ് നടപടിയെടുക്കാന്‍ ആദ്യം തയാറായിരുന്നില്ല. പ്രതിഷേധം കനത്തതോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ യുവതിയോടു പറഞ്ഞെങ്കിലും എത്തിയില്ല. ഹോസ്റ്റലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവര്‍ ഹാജരായത്.
ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കു (26) വിനെയാണ് ആര്യ മര്‍ദ്ദിച്ചത്. രോഗിക്കു കൂട്ടായി ആശുപത്രിയില്‍ സ്കൂട്ടറില്‍ എത്തിയ യുവതി വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് സ്കൂട്ടര്‍ ആദ്യം പാര്‍ക്ക് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരന് സ്കൂട്ടര്‍ മാറ്റി വയ്പിച്ചു.
മടങ്ങിയെത്തിയ യുവതി മറ്റു വാഹനങ്ങളുടെ ഇടയിലായ സ്കൂട്ടര്‍ എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. സ്കൂട്ടര്‍ പുറത്തെടുത്തപ്പോള്‍ സ്റ്റാന്‍ഡ് ഉരഞ്ഞെന്നു പറഞ്ഞു പ്രകോപിതയായി റിങ്കുവിന്റെ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. അകാരണമായി മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും സെഷന് 323, 294 ബി, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരേ വകുപ്പുതല നടപടിയുണ്ടായേക്കും. മൂന്നു വര്‍ഷത്തെ കരാര്‍ ജീവനക്കാരിയാണ് ആര്യ. വരുന്ന മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിക്കും. 35 വയസിന് മേലുള്ളവര്‍ക്ക് മാത്രമേ വാര്ഡന് തസ്തിക നല്‍കാവൂയെന്ന നിബന്ധന ലംഘിച്ചാണ് നിയമനം നടന്നതെന്നും ആരോപണമുണ്ട്. സഹകരണ മേഖലയിലെ സംഘടനയുടെ നേതാവാണ് ആര്യയുടെ പിതാവ്.
Discussion about this post