തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസന്വേഷണത്തിലും തുടര്‍ നടപടികളിലും ഇത് ഗുണംചെയ്യുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. കൊലപാതക പരമ്പരയിലെ ഓരോ കേസും പ്രത്യേക സംഘങ്ങളായിരിക്കും അന്വേഷിക്കുക.
വേണ്ടിവന്നാല്‍ നിലവിലുള്ള അന്വേഷണസംഘം ഇനിയും വിപുലീകരിക്കുമെന്നും ബെഹ്റ പറഞ്ഞു. കൊലക്കേസ് അന്വേഷിക്കാന്‍ നേരത്തെ ആറ് അന്വേഷണസംഘങ്ങളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സംഘങ്ങളിലുണ്ടാവും. ആറ് സംഘങ്ങളുടെയും ചുമതല കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണിനായിരിക്കും.
അതേസമയം, കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ മൂന്നു പേരെ താമരശ്ശേരി കോടതി വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് ആറുദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കൊലപാതക പരമ്പരയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നും കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post