കൊച്ചി: പാലാരിവട്ടം പാലം തല്‍ക്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സംഭവത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പാലം പൊളിക്കരുതെന്നും ഭാര പരിശോധന അടക്കമുള്ളവയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയിരുന്നു. ശേഷം പാലം പൊളിച്ചു പണിയുക മാത്രമെ പരിഹാരമൊള്ളൂ എന്ന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പാലം പുതുക്കി പണിത് ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാലം പൊളിക്കരുതെന്ന ആവശ്യവുമായി എഞ്ചിനീയര്‍മാര്‍ കോടതിയെ സമീപിച്ചത്.
ഇതിന് മുമ്പ് ഒരു ഭാര പരിശോധന അടക്കം സര്‍ക്കാര്‍ നടത്തേണ്ടതായിരുന്നുവെന്നും ഭാര പരിശോധ നടത്തി പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമെന്നും എഞ്ചിനീയര്‍മാരുടെ സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. പാലം പൊളിച്ച് പണിയേണ്ടതില്ല അറ്റകുറ്റപണികള്‍ നടത്തിയാല്‍ മതി എന്നായിരുന്നു നേരത്തെ ഐഐടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നത്. പക്ഷേ ആ തീരുമാനം മറികടന്നുകൊണ്ടാണ് ഇ ശ്രീധരന്റെ വാക്ക് മാത്രം വിശ്വസിച്ച് ഇത്തരത്തില്‍ ഒരു നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇവര്‍ ആരോപിച്ചു. ആ സാഹചര്യം ഒഴിവാക്കണമെന്നും പാലം പൊളിക്കുന്നതിന് മുമ്പ് വിദഗ്ദരുടെ കൃത്യമായ പരിശോധന നടത്തണന്നും എഞ്ചിനീയര്‍മാരുടെ സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാലം തല്‍ക്കാലം പൊളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്.
Discussion about this post