കോഴിക്കോട്: ഈ മാസം 16 വരെ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിട്ട് താമരശ്ശേരി കോടതി ഉത്തരവ്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളിയേയും സഹായം ചെയ്ത പ്രജു കുമാറിനേയും മാത്യുവിനേയും താമരശ്ശേരി കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കനത്ത സുരക്ഷയിലാണ് പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയത്. കോടതി വിധിക്കു പിന്നാലെ മൂന്നുപ്രതികളേയും ജയിലിലേക്ക് അയയ്ക്കും മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പൊന്നാമറ്റം കുടുംബത്തിന്റെ തറവാടിലേക്ക് തെളിവെടുപ്പിനായി ജോളിയെ എത്തിക്കും.
അതേസമയം, കോടതി വളപ്പിൽ പ്രതികൾ ജനരോഷത്തിന് ഇരയായ കാഴ്ചയും കാണാനായി. കോടതിയിൽ ഹാജരാക്കുന്നതിനിടെ കൂടി നിന്ന ജനക്കൂട്ടം കൂക്കി വിളിച്ചാണ് പ്രതികളെ വരവേറ്റത്. ജോളിയടക്കമുള്ള പ്രതികളെ പുറത്തു കൊണ്ടു വരും എന്ന വിവരമറിഞ്ഞ് ജില്ലാ ജയിൽ പരിസരത്ത് രാവിലെ മുതൽ തന്നെ ആൾക്കാർ എത്തി തുടങ്ങിയിരുന്നു.
12 വർഷത്തിനിടെ നടത്തിയ 6 കൊലപാതകങ്ങളിലായി ഇതുവരെ അറസ്റ്റിലായത് ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നീ മൂന്നുപേരാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിപ്പിച്ചിരുന്നത്. തൊട്ടടുത്തുള്ള സബ് ജയിലിലാണ് മാത്യുവിനെ പാർപ്പിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടു തരാനായി പോലീസ് അപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം പെരുച്ചാഴിയെ കൊല്ലാൻ എന്നു പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാർ പോലീസ് ജീപ്പിലേക്ക് കയറും മുമ്പായി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post