കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിന് വേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ ഇന്ന് ഹാജരായില്ല. പകരം ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാന്‍ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയര്‍ കോടതിയില്‍ എത്തി.
പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ ജൂനിയര്‍ അഭിഭാഷന്‍ വക്കാലത്തുമായി വന്നത്. ജോളിയുടെ കട്ടപ്പനയിലുള്ള അടുത്തബന്ധുക്കളും സുഹൃത്തുക്കളും തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസെറ്റെടുത്തതെന്ന് ആളൂര്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ആളൂരിന്റെ പ്രതിനിധി കഴിഞ്ഞദിവസം, റിമാന്‍ഡിലുള്ള പ്രതിയെ കാണാന്‍ ജില്ലാ ജയിലിലെത്തിയിരുന്നു. എന്നാല്‍, അവധിദിവസമായതിനാല്‍ കാണാനായില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാല്‍ അന്വേഷണ പുരോഗതി അറിഞ്ഞശേഷം മുന്നോട്ടുപോകാനാണ് ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതെന്ന് ആളൂര്‍ പറയുന്നു.
മറ്റാരും കേസ് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. തന്റെ ആളുകള്‍ കേസിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ട്. ദുര്‍ബലമായ കേസാണ് പോലീസ് കെട്ടിപ്പൊക്കുന്നത് -ആളൂര്‍ പറഞ്ഞു.
അതേസമയം, കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്കുവേണ്ടി ഹാജരായ ആളാണ് ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായി. സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി ചുരുക്കി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊന്നകേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടിയും ആളൂര്‍ ഹാജരായി.
Discussion about this post