തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന വെങ്ങാനൂർ പഞ്ചായത്തിലെ അഴിമതിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും കോൺഗ്രസും. കുട്ടികൾക്കും ഗർഭിണികൾക്കും അങ്കണവാടികൾ വഴി നൽകുന്ന അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് നടത്തിയെന്ന് വിജിലൻസ് കണ്ടെത്തി. ഇതോടെ പ്രതിഷേധിച്ചെത്തിയ ഡിവൈഎഫ്ഐ, കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കുള്ള 1172 കിലോഗ്രാം അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയത്. 2019 ഏപ്രിൽ മാസത്തിൽ ഗ്രാമ പഞ്ചായത്ത് അങ്കണവാടികളിലേക്കായി വിതരണം ചെയ്യാൻ 1172 കിലോ അമൃതം പൊടി വാങ്ങിയെങ്കിലും ഇത് വിതരണം ചെയ്യാതെ തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണ സാധനങ്ങളുടെ വിതരണം രേഖപ്പെടുത്തുന്ന രജിസ്റ്റർ വർഷങ്ങളായി ഐസിഡിഎസ് സൂപ്പർവൈസർമാർ പരിശോധിക്കുന്നില്ലെന്നും കണ്ടെത്തി.
ഓരോ മാസവും നിർബന്ധമായും ഒരു പ്രാവശ്യമെങ്കിലും കൂടേണ്ട അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി യോഗം ചേർന്നിരുന്നില്ല, എന്നിട്ടും യോഗം കൂടിയെന്ന് രേഖപ്പെടുത്തുകയും ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാൻ ശ്രമം നടക്കുന്നു, ലൈഫ് പദ്ധതി അട്ടിമറിക്കുന്നു, പനങ്ങോട്- അമരവിള റോഡ് നിർമാണത്തിൽ ക്രമക്കേട് കാണിച്ചു, തെരുവുവിളക്കുകൾ നന്നാക്കുന്നില്ല, കോഴിവളർത്തൽ പദ്ധതി നാലു വർഷമായും പൂർത്തിയാക്കാൻ കഴിഞ്ഞില്ലായെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ബിജെപി പ്രവർത്തകരുടെ വീട്ടിൽ മാത്രമാണ് പദ്ധതി ഇതുവരെ പൂർത്തിയാക്കിയതെന്നും ഡിവൈഎഫ്ഐയും കോൺഗ്രസും ആരോപിക്കുന്നു. വെങ്ങാനൂർ ഗ്രാമപഞ്ചായത് ഭരണസമിതിയുടെ ക്രമകേടുകളിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഇരുവിഭാഗം പ്രവർത്തകരും ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയുടെ പഞ്ചായത്ത് ഓഫീസ് ഉപരോധം സിപിഎം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. പിഎസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. യോഗി ആദിത്യനാഥിന്റെ പിന്മുറക്കാരാണ് വെങ്ങാനൂരിലെ ബിജെപി ഭരണസമിതിയെന്ന് അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിക്കുന്നവരെ കൈയ്യൂക്ക് കൊണ്ട് നേരിടാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുമെന്നും ഹരികുമാർ പറഞ്ഞു.
എന്നാൽ, വെങ്ങാനൂർ പഞ്ചായത്തിലെ അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഎസ് ശ്രീകല പ്രതികരിച്ചു.
Discussion about this post