കൊച്ചി: സീ പ്ലെയിൻ വാങ്ങിക്കാനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ മലയാളി പൈലറ്റുമാരുടെ സീ പ്ലെയിൻ ജപ്തി ചെയ്ത് ഫെഡറൽ ബാങ്ക്. കൊച്ചിയിലാണ് വിമാനം ജപ്തി ചെയ്തത്. ഫെഡറൽ ബാങ്കിന്റെ ആണ് രാജ്യത്തെ അപൂർവ്വമായ ഈ നടപടി. പലിശ അടക്കം ആറ് കോടി രൂപയാണ് ബാങ്കിന് ലഭിക്കാനുള്ളത്. ദേശീയ കമ്പനി ലോ ട്രിബ്യൂണൽ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വിമാനം ജപ്തി ചെയ്തത്. വിമാനത്തിന്റെ ഇപ്പോഴത്തെ വില കണക്കാക്കി വിമാനം ലേലത്തിന് വയ്ക്കാനാണ് തീരുമാനം. ആരും ലേലത്തിന് എടുത്തില്ലെങ്കിൽ വിമാനം നിർമ്മിച്ച കമ്പനിക്ക് തന്നെ വിൽക്കലാണ് ബാങ്കിന് മുന്നിലുള്ള മാർഗ്ഗം. 2016 ൽ പ്രാബല്യത്തിൽ വന്ന ഇൻസോൾവൻസി ആന്റ് ബാങ്ക് റപ്റ്റൻസി കോഡിന്റെ അടിസ്ഥാനത്തിലാണ് ജപ്തി.
മലയാളികളായ രണ്ടു പൈലറ്റുമാർ ചേർന്ന് 2014ൽ അമേരിക്കയിൽ നിന്നാണ് കോടികൾ മുടക്കി സീ പ്ലെയിൻ വാങ്ങിച്ചത്. മലയാളി പൈലറ്റുമാരായ സൂരജ് ജോസ്, സുധീഷ് ജോർജ് എന്നിവർ ചേർന്ന് അന്ന് വിമാനം വാങ്ങിക്കുമ്പോൾ 13 കോടി രൂപയായിരുന്നു വിമാനത്തിന്റെ വില.
വിമാനം വാങ്ങാനായി നാലു കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയും എടുത്തു. വിവിധ രാജ്യങ്ങളിലൂടെ പറപ്പിച്ച് ഇരുവരും വിമാനം ഇന്ത്യയിലെത്തിക്കുകയായിരുന്നു. കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ സർവീസിന് അനുമതി ലഭിക്കാതെ വന്നത് കനത്ത തിരിച്ചടിയായി. ലോൺ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയത്. നിലവിലുള്ള സർഫാസി നിയമപ്രകാരം വിമാനങ്ങളും കപ്പലുകളും പിടിച്ചെടുക്കാൻ ബാങ്കുകൾക്ക് അനുവാദമില്ലായിരുന്നു. എന്നാൽ, ഒരു മാസത്തിനുള്ളിൽ വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നത് എളുപ്പമാക്കാൻ വേണ്ടി രൂപീകരിച്ച പുതിയ ഇൻസോൾവൻസി ആന്റ് ബാങ്ക് റപ്റ്റൻസി കോഡ് പ്രകാരം ഫെഡറൽ ബാങ്ക് നടപടിയെടുക്കുകയായിരുന്നു.
Discussion about this post