കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. എഴുപത് ശതമാനത്തിലധികം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ പണി മൂന്നുമാസം മുന്‍പ് നിര്‍ത്തിവെച്ചത് അതിനാലാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ പ്രചാരണം തെറ്റാണെന്നും തെറ്റിദ്ധാരണ പരത്താനാണ് പ്രചാരണം നടത്തുന്നവര്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 73 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, തിടുക്കം വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ അടുത്തിടെ നിര്‍ദേശിച്ചിരുന്നു. അതിനിടെ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങിന് മതിയായ ഗുണനിലവാരമില്ലെന്ന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു മാസത്തോളം നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് ഐഐടിയടക്കം കോണ്‍ക്രീറ്റിന്റെ ഗുണനിലവാര പരിശോധനയ്ക്കായി എത്തിയിരുന്നു. ഇവര്‍ നടത്തിയ ഗുണനിലവാര പരിശോധന അനുകൂലമായതോടെയാണ് മേല്‍പ്പാലം നിര്‍മ്മാണം പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജപ്രചാരണം. വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍, മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തില്‍ മുട്ടുമെന്നും അതിനാലാണ് നിര്‍മ്മാണജോലികള്‍ നിര്‍ത്തിയതെന്നും തുടങ്ങിയ സന്ദേശമാണ് വാട്സ് ആപ്പിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇത്തരം പ്രചാരണം അധികൃതര്‍ നിഷേധിച്ചു. മേല്‍പ്പാലത്തിനും മുകളിലൂടെ പോകുന്ന മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റര്‍ ആണെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു. ബസിനു പോലും മൂന്നര മീറ്ററില്‍ താഴെയാണ് പരമാവധി ഉയരം. ഡബിള്‍ ഡക്കര്‍ ബസിനുപോലും 4.5 മീറ്ററെ ഉയരം വരൂവെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post