കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതകങ്ങളില്‍ വീണ്ടും ജോളിക്കെതിരെ വെളിപ്പെടുത്തല്‍. അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിച്ചുണ്ണിയുടെ മരണം സമാന രീതിയിലെന്നാണ് അദ്ദേഹത്തിന്റെ സഹോദരി പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പേര്‍ ഇനിയും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയല്‍വാസിയും പ്ലംബറുമായ ബിച്ചുണ്ണിയുടെ മരണം സമാന രീതിയില്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തല്‍ എത്തിയത്. മരണത്തില്‍ സംശയമുണ്ടെന്ന് ബിച്ചുണ്ണിയുടെ സഹോദരി ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.
ജോളിയുടെ ആദ്യഭര്‍ത്താവ് റോയി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ആളുകൂടിയാണ് ബിച്ചുണ്ണി. ഇതിന് ശേഷമാണ് മറ്റ് മരണങ്ങള്‍ പോലെ ബിച്ചുണ്ണിയും ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് മരിച്ചത്. സഹോദരി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ബിച്ചുണ്ണിയുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.