കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് ജയിലില്‍ പ്രത്യേക കൗണ്‍സലിങ്ങ്. ജോളി മുമ്പ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ ഇനിയും അതിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും.
കൂടാതെ, ജോളിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും മാത്രമായി ഒരു വാര്‍ഡനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
താന്‍ ആത്മഹത്യചെയ്യുമെന്ന് ജോളി കഴിഞ്ഞ ദിവസം സഹതടവുകാരോട് പറഞ്ഞിരുന്നു. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ജോളിക്കു പ്രത്യേകസുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് ജയിലധികൃതര്‍ പറഞ്ഞു. അറസ്റ്റുചെയ്ത് ജില്ലാജയിലിലെത്തിച്ചശേഷം പ്രത്യേക പെരുമാറ്റരീതിയാണ് ജോളിയുടേത്. പലപ്പോഴും വളരെ സങ്കടപ്പെട്ടാണ് ഇരിക്കുന്നത്. ഇനിയൊരു ജീവിതമില്ല എന്ന തരത്തിലാണ് പെരുമാറ്റം. ആദ്യമൊക്കെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കിലും ഇപ്പോള്‍ കഴിച്ചു തുടങ്ങി.
ജയിലില്‍ കൊണ്ടുവന്ന അന്നുതന്നെ ജോളി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം തലകറക്കം കാരണം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായി അസുഖങ്ങളില്ലാത്തതിനാല്‍ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്നു. നിലവില്‍ ജോളിക്ക് രക്തസമ്മര്‍ദം നേരിയ കുറവുണ്ട്. ഇതിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്.
അതേസമയം,ജയിലില്‍ നാലുദിവസം പിന്നിട്ടിട്ടും ജോളിയെ കാണാന്‍ ബന്ധുക്കള്‍ ആരും തന്നെ എത്തിയില്ല. ആദ്യദിവസം സഹോദരന്‍ നോബിയെ ഫോണ്‍ചെയ്ത് ജോളിക്കാവശ്യമായ വസ്ത്രങ്ങളും മറ്റും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതും കൊണ്ടുവന്നിട്ടില്ല.