ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ അധ്യക്ഷസ്ഥാനം രാജി വെച്ച നീക്കം രാഹുലിന്റെ തോല്‍വിയില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നുവെന്നും അത് പാര്‍ട്ടിയെ പ്രതിസന്ധിയിലുമാക്കിയെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. ഇത് മുതലെടുത്ത് ബിജെപിയടക്കം രംഗത്തെത്തി.
ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ നീക്കം തോല്‍വിയില്‍നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു, പാര്‍ട്ടിയില്‍ ഉണ്ടായ ശൂന്യത പരിഹരിക്കാനാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത് എന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ തുറന്ന പ്രതികരണം.
ഈ പ്രസ്താവനയെ പിന്തുണച്ച് പിന്നീട് ജോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ എഐസിസി നേതൃത്വം തയ്യാറായില്ല. വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാത്ത അവസ്ഥയിലാണ് മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ വിഷയം ബിജെപി ഒരു പ്രചാരണതന്ത്രമായി തന്നെ എടുത്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി തകര്‍ത്ത കോണ്‍ഗ്രസ് അതിജീവനത്തിനുള്ള പോരാട്ടത്തിലാണെന്ന പ്രചാരണം ബിജെപി ആരംഭിച്ചു കഴിഞ്ഞു. വിഷയം പാര്‍ട്ടിക്കുള്ളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
Discussion about this post