പനങ്ങാട്: സംസ്ഥാനത്ത് വീണ്ടും പുതിയൊരു ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകരാണ് കണ്ടെത്തിയത്. കോഴിക്കോട് ചേരിഞ്ചാലില്‍ 6 മീറ്റര്‍ ആഴമുള്ള കിണറ്റിലാണ് പുതിയ ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ഇല്‍ ലോച്ച് (പൂന്താരകന്‍) വര്‍ഗത്തില്‍പെട്ട ഈ മത്സ്യത്തിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകന്‍) എന്നാണ് പേരിട്ടത്. സാധാരണയായി തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇവയെ കണ്ടെത്തുന്നത്.
ഇവയെ ഇവിടന്ന് ആദ്യമായാണ് കണ്ടെത്തിയതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ കുഫോസ് ശാസ്ത്രജ്ഞന്‍ ഡോ രാജീവ് രാഘവന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം മലപ്പുറത്തെ പാടത്ത് ‘എനിഗമചന്ന ഗൊല്ലം’ എന്ന ഭൂഗര്‍ഭ വരാലിനെ ആദ്യമായി കണ്ടെത്തിയത് ഏതാനും മാസം മുന്‍പാണ്.
പ്രളയത്തിന് ശേഷം നാട്ടിലെ ജലാശയങ്ങളില്‍ എത്തിയതായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ചേരിഞ്ചാലിലെ മത്സ്യ നിരീക്ഷകനായ വിഷ്ണുദാസാണ് ‘പാതാള പൂന്താരകനെ’ ആദ്യമായി കണ്ടതും ഗവേഷണ സംഘത്തെ വിവരം അറിയിച്ചതും.
തുടര്‍ന്ന് ഡോ രാജീവ് രാഘവന്റെ നേതൃത്വത്തില്‍ കുഫോസിലെ ഗവേഷകര്‍ ഒപ്പം പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ റിസര്‍ച്, ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘവും കണ്ണൂരിലെ അവേര്‍നസ് ആന്‍ഡ് റസ്‌ക്യൂ സെന്റര്‍ എന്നിവിടങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് പാജിയോ ജിനസിലെ പുതിയ മത്സ്യ ഇനമാണെന്ന് സ്ഥിരീകരിച്ചതും പേരിട്ടതും. പാജിയോ കുടുംബത്തിലെ മറ്റ് മത്സ്യങ്ങളില്‍ നിന്ന് വളരെയേറേ രൂപമാറ്റമാണ് ഇപ്പോള്‍ കണ്ടെത്തിയ മത്സ്യത്തിനെന്ന് ഡോ രാജീവ് രാഘവന്‍ പറഞ്ഞു.