കാക്കനാട്: കൊച്ചിയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപത്ത് ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവിക (പാറു -17)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റ നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുനും മരിച്ചു.
നിരവധി തവണ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. പുലര്‍ച്ചെ മിഥുന്‍
ബൈക്കില്‍ ഷാലന്റെ വീട്ടിലത്തിയ ശേഷം കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് യുവാവ് ഓടി വീട്ടിനുള്ളില്‍ കയറിയ ശേഷം മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.