തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി. അറുപത് ദിവസത്തേക്ക് കൂടിയാണ് സര്‍ക്കാര്‍ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്.
സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് സുഹൃത്ത് വഫയാണെന്നും ഏഴ് പേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം പറയുന്നു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും വ്യക്തമാക്കുന്നു.
2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദീകരണവും തേടിയിരുന്നു.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഓഗസ്റ്റ് 3 രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് പത്രത്തിന്റെ
തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫിസിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.
Discussion about this post